Connect with us

KERALA

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, മന്ത്രി കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.”കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍” എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്. ആ കാവ്യഭാവന അര്‍ഥപൂര്‍മാകുന്ന നിമിഷങ്ങള്‍ക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിത്. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാന്‍ ഫെര്‍ണാണ്ടോ’ മദര്‍ഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്‌മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 2000 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കി കപ്പല്‍ ഇന്നു തുറമുഖം വിടും. നാളെത്തന്നെ ഫീഡര്‍ കപ്പലുകള്‍ എത്തുന്നതോടെ ട്രാന്‍സ്ഷിപ്‌മെന്റിനും തുടക്കമാകും. കേരളത്തിന്റെ വികസനപ്രതീക്ഷയായി തുറമുഖത്ത് 3 മാസത്തോളം നീളുന്ന ട്രയല്‍ റണ്ണില്‍ തുടര്‍ച്ചയായി മദര്‍ഷിപ്പുകള്‍ എത്തും. കമ്മിഷന്‍ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്‌നര്‍ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും.
ആദ്യ ചരക്കുകപ്പല്‍ ക്രെയിനുകളുമായി എത്തിയത് കഴിഞ്ഞ ഒക്ടോബറിലാണ്. വാണിജ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യ കണ്ടെയ്‌നര്‍ കപ്പലെത്തിയത് ഇന്നലെയാണ്. നിലവില്‍ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കില്‍ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ ഗണ്യമായ ഭാഗം ഇനി വിഴിഞ്ഞത്തെത്തും. ഇന്ത്യയിലേക്കുള്ള കണ്ടെയ്‌നറുകള്‍ മാത്രമല്ല, കൊളംബോയെ ഇപ്പോള്‍ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്‌നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ വാണിജ്യപ്രസക്തി ഉയരും.”

Continue Reading