KERALA
താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി, രാത്രിയിലും നിരവധി മൃതദേഹങ്ങൾ ദുരന്ത ഭൂമിയിൽ നിന്ന് കണ്ടെടുക്കുന്നു മരണം 120 ആയി

കൽപ്പറ്റ :വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈന്യവും കേരള ഫയര്‍ ഫോഴ്‌സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷാപ്രവര്‍ത്തനം വേഗമാര്‍ജിച്ചു. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ സൈന്യം പ്രത്യേകം നിർമിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിക്കുകയാണ്.
ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്ക് ശേഷം സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തിയിരുന്നു.
കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 250 ഓളംപേരെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് സൈനിക വിന്യാസമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നേരത്തെ വ്യോമസേനയുടെ ഹെലികോപ്ടർ എത്തി പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രതികൂല കാലാവസ്ഥക്കിടയിൽ സാഹസികമായാണ് ചൂരൽമലയിൽ ഹെലികോപ്ടർ ലാൻഡ് ചെയ്ത് പരിക്കേറ്റവരെ മാറ്റിയത്. രാത്രിയിലും നിരവധി മൃതദേഹങ്ങൾ ദുരന്ത ഭൂമിയിൽ നിന്ന് കണ്ടെടുക്കുകയാണ്. ഇതുവരെ മരണം ,120 ആയി ഉയർന്നു