Connect with us

KERALA

വയനാട്ടിലെ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കുന്നു

Published

on

തിരുവനന്തപുരം: വയനാട്ടിലെ  മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയിൽനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കൽ, ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം, നാശനഷ്ടക്കണക്ക് തയ്യാറാക്കൽ, കൗൺസിലർമാരുടെയും മാലിന്യശേഖരണ പ്രവർത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും തദ്ദേശ വകുപ്പ് ഏറ്റെടുക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തദ്ദേശവകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്   കല്പറ്റയിൽചേരും.

മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലാണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഇവിടെ 1721 വീടുകളിലായി 4833 പേർ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താംവാർഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാംവാർഡായ മുണ്ടെക്കെയിൽ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാർഡായ ചൂരൽമലയിൽ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ കിട്ടുന്നതിനാൽ ഇവ ലഭ്യമാക്കാൻ മറ്റ് തടസ്സങ്ങളില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ പുനരധിവാസം, നിലവിലുള്ള വീടുകളുടെയും കിണർ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളുടെയും ശുചീകരണം തുടങ്ങിയവയ്ക്കും വകുപ്പ് മുന്നിട്ടിറങ്ങും. കുടുംബശ്രീയുടെ സഹായവുമുണ്ടാകും.

അതിനിടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആരുടേതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയപരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിളുകൾ ശേഖരിച്ചുതുടങ്ങി.

Continue Reading