KERALA
എട്ടാം നാളും തിരച്ചിൽ തുടരുന്നുഇന്ന് പ്രത്യേക ആക്ഷൻ പ്ലാൻ

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ എട്ടാം നാളായ ചൊവ്വാഴ്ചയും തുടരുന്നു. ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിന്‍റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗത്തേക്കു മാത്രം ആളുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്തുക.
പരിശീലനം നേടിയ 2 ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 4 എസ്ഒജി, 6 ആർമി സൈനികരും അടങ്ങുന്ന 12 പേരുടെ സംഘം എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേർന്ന ശേഷം സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ ഇതിനായും പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 402 ആയി.