KERALA
ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പളളികളിൽ പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. പലയിടങ്ങളിലും സംഘർഷാവസ്ഥ

കോട്ടയം: സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പളളികളിൽ പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. ഇതിനെത്തുടർന്ന് പലയിടങ്ങളിലും സംഘർഷാവസ്ഥയാണ്. ചിലയിടങ്ങളിൽ പളളികളിൽ പ്രവേശിക്കാനുളള ശ്രമത്തെ പൊലീസ് ഇടപെട്ട് തടഞ്ഞു.
മുളന്തുരുത്തി പളളിയിലേക്ക് യാക്കോബായ വിശ്വാസികളായ നിരവധിപേരാണ് എത്തിയത്. പള്ളിക്ക് പുറത്തായി സജ്ജീകരിച്ച യാക്കോബായ വിശ്വാസികളുടെ താത്കാലിക പ്രാർത്ഥന കേന്ദ്രത്തിൽ കുർബാന നടത്തിയ ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് പള്ളിമുറ്റത്തെത്തി. സ്ഥലത്ത് സംഘർഷം നിലനിൽക്കുന്നതിനാൽ ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പളളിയിൽ പ്രവേശിക്കുന്നത് തടയാനാണ് പൊലീസിന്റെ ശ്രമം. വടവുകോട് സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനുള്ള യാക്കോബായ വിശ്വാസികളുടെ നീക്കം പൊലീസ് തടഞ്ഞു. കോടതി വിധി മറികടക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് ഇടപെട്ടത്. പളളിക്ക് മുന്നിൽ വിശ്വാസികൾ പ്രതിഷേധിക്കുകയാണ്. മറ്റുപളളികളിലേക്കും കൂടുതൽ വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുകയാണ്.