Connect with us

KERALA

ചൂരൽമല ശാഖയിലെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് 

Published

on

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനമായത്.

എത്രപേർക്കാണ് വായ്‌പ ഉള്ളതെന്നും എത്രരൂപയാണ് എഴുതിത്തള്ളുന്നതെന്നുമുള്ള വിവരം ബാങ്ക് അധികൃതർ വെളിപ്പെടുത്തിയില്ല. 29 കോടിയോളം രൂപയാണ് വായ്‌പ ഇനത്തിൽ ബാങ്ക് എഴുതിത്തള്ളുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് നൽകിയിരുന്നു. ബാങ്കിലെ ജീവനക്കാർ ‍അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ സ്വമേധയാ തീരുമാനിച്ചിട്ടുള്ള വിവരം കേരള ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
മരണപ്പെട്ടവരുടെ വായ്‌പകളാണ് ഇപ്പോൾ എഴുതിത്തള്ളുന്നത്. ക്യാമ്പുകളിൽ കഴിയുന്ന വായ്‌പക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കേരള ബാങ്ക് ഡയറക്‌ടർ പി ഗഗാറിൻ  വ്യക്തമാക്കി.

വയനാട് ഉരുൾപൊട്ടലിൽ നാനൂറിലധികം പേരാണ് മരിച്ചത്. 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 599 കുടുംബങ്ങളിലെ 658 പുരുഷൻമാരും 673 സ്ത്രീകളും 439 കുട്ടികളും ഉൾപ്പെടെ 1770 പേരുണ്ട്. ഉരുൾ ദുരന്തത്തിന്റെ 14 ക്യാമ്പുകളും കാലവർഷക്കെടുതിയുടെ ഭാഗമായി കടച്ചിക്കുന്നിൽ ആരംഭിച്ച ഒരു ക്യാമ്പുമാണുള്ളത്.

Continue Reading