Connect with us

Crime

മുകേഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, സി.പി. എം കൈ വിടുന്നുഎം.എൽ. എ സ്ഥാനം രാജി വെക്കാൻ സമ്മർദ്ദം

Published

on

തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ മുകേഷ് എംഎൽഎയുടെ രാഷ്ട്രീയ, സിനിമാ ഭാവി ത്രിശങ്കുവിൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഇതിനകം തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്ന് കെ അജിത ആവശ്യപ്പെട്ടു. സിപിഐ നേതാവ് ആനിരാജയും മുകേഷിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷചിന്തകർ ഒപ്പിട്ട് പ്രസ്താവനയിറക്കിയിറക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ സിപിഎമ്മും മുകേഷിന് എതിരായ നിലപാട് ശക്തമാക്കുകയായിരുന്നു. ആരോപണങ്ങങ്ങൾ ഉയർന്ന ആദ്യഘട്ടത്തിൽ രാജിവയ്‌ക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്.

സിപിഎമ്മിനുള്ളിൽ നിന്നും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പീഡന ആരോപണം ഉയർന്നപ്പോൾ തന്നെ സിനിമാ നയരൂപീകരണസമിതിയിൽ നിന്ന് മാറിനിൽക്കേണ്ടിവരുമെന്ന് പാർട്ടി മുകേഷിന് വ്യക്തമായ സൂചനകൾ നൽകിയിരുന്നു. അതിനുപിന്നാലെ കേസെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ, കേസെടുത്താൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്നും സൂചനകൾ നൽകിയിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനാൽ അറസ്റ്റ് ഉണ്ടായേക്കും.

മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തിൽ സിപിഎം തീരുമാനം ഇന്ന് ഉച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്പ് അറസ്റ്റ് ഉണ്ടായേക്കുമോ എന്ന് ആശങ്കയുമുണ്ട്. അതിനിടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ മുകേഷ് പ്രതികരിക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. നിയമ വിദഗ്‌ധരുമായി ആലോചിച്ചശേഷം പ്രതികരിക്കുന്ന കാര്യം മുകേഷ് സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.മുകേഷിനെ സഹായിക്കുന്ന തരത്തിലോ ന്യായീകരിക്കുന്ന തരത്തിലോ ഒരു ഇടപെടലും ഉണ്ടാവരുതെന്ന് പാർട്ടി നേതൃത്വം നിലപാടെടുത്തിരുന്നു. പ്രത്യേകിച്ചും ബിജെപിയും യുഡിഎഫും മുകേഷിനെതിരെ ശക്തമായി രംഗത്തുവന്നസ്ഥിതിക്ക്. നടിയുടെ വെളിപ്പെടുത്തൽ വരുന്നതിനുമുമ്പുതന്നെ മുകേഷിനെതിരെ സിപിഎമ്മിൽ അമർഷം ശക്തമായിരുന്നു. ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം തീരെ മോശമാണെന്നതായിരുന്നു പ്രധാന വിമർശനം. മുകേഷ് സിപിഎം അംഗമല്ല.അതിനാൽ ആ നിലയിൽ പാർട്ടിക്ക് തിരുത്താനും കഴിഞ്ഞിരുന്നില്ല. 2016ലെ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് മുകേഷ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംകെ പ്രേമചന്ദ്രനെതിരെ മത്സരിച്ചെങ്കിലും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയായിരുന്നു.എംകെ പ്രേമചന്ദ്രനെതിരെ ഒരുനിലയിലും യോജിച്ച സ്ഥാനാർത്ഥിയല്ല മുകേഷ് എന്ന് സ്ഥാനാർത്ഥി പ്രഖ്യാപനവേളയിൽതന്നെ വിമർശനമുയർന്നിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ ഇടതുനേതൃത്വം മുകേഷിനെ മാറ്റാൻ തയ്യാറായില്ല. ഫലംവന്നപ്പോൾ വൻ ഭൂരിപക്ഷത്തിൽ പ്രേമചന്ദ്രൻ വിജയിക്കുകയായിരുന്നു. മുകേഷിനെതിരെയുള്ള വികാരം ഭൂരിപക്ഷം കൂട്ടാൻ ഇടയാക്കി എന്ന് പാർട്ടി കേന്ദ്രങ്ങളിൽ നിന്നുപോലും വിമർശനമുയർന്നിരുന്നു.മുകേഷിന്റെ മുൻഭാര്യ സരിതയുടെ അഭിമുഖത്തിൽ ഗർഭിണിയായിരിക്കുന്ന വേളയിൽപ്പോലും അദ്ദേഹത്തിൽ നിന്ന് ഏൽക്കേണ്ടിവന്നിരുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പീഡനങ്ങൾ എല്ലാം അവർ എണ്ണിയെണ്ണിപറഞ്ഞിരുന്നു. മുകേഷിന്റെ അച്ഛൻ ഒ മാധവൻ പറഞ്ഞതുകൊണ്ടാണ് പൊലീസിൽ പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും സോഷ്യൽ മീഡിയയിൽ മുകേഷിനെതിരെ എതിരാളികൾ ആയുധമാക്കുന്നുണ്ട്.



Continue Reading