Connect with us

Crime

സിദ്ദിഖ് മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിക്കാരിയും ഇതേ ദിവസം അവിടെ എത്തി

Published

on

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ കുരുക്ക് മുറുകുന്നു. കേസില്‍ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന രേഖകളാണ് അന്വേഷണ സംഘത്തിന്  ലഭിച്ചത്.

പരാതിയില്‍ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഹോട്ടലിലെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും കണ്ടെടുത്തു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററില്‍ പേര് ചെര്‍ത്തിരുന്നുവെന്ന് നടി മൊഴിയില്‍ പറയുന്നു. ഇനി നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്.




Continue Reading