KERALA
കണ്ണൂര്‍ ലോബി മൂന്നായി പിളര്‍ന്നുഇ.പി.ജയരാജന്റെ അനുയായികള്‍ പി.ജയരാജനുമായി ചേര്‍ന്നാല്‍ കണ്ണൂരില്‍ ഔദ്യോഗിക നേതൃത്വത്തിന് കടുത്ത വെല്ലുവിളി

തിരുവനന്തപുരം:സിപിഎമ്മിലെ എക്കാലത്തെയും അധികാര കേന്ദ്രവും ശാക്തിക ചേരിയുമായ കണ്ണൂര്‍ ലോബി മൂന്നായി പിളര്‍ന്നുവെന്ന് മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഇപ്പോള്‍ കുലംകുത്തിയായി മാറിയിട്ടുള്ള ഇ.പി.ജയരാജന്റെ അനുയായികള്‍ പി.ജയരാജനുമായി ചേര്‍ന്നാല്‍ പാര്‍ട്ടി അംഗത്വത്തില്‍ മുന്നില്‍ നില്‍ക്കുന്ന കണ്ണൂരില്‍ ഔദ്യോഗിക നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാവും.
ജാവേദ്കറുമായുള്ള ബന്ധമാണ് ഇ.പി.ജയരാജനു മേല്‍ പാര്‍ട്ടി ഇപ്പോള്‍ ചുമത്തുന്ന കുറ്റകൃത്യമെങ്കിലും വി.എസിന്റെ ഉറ്റ സുഹൃത്തായിരുന്ന ദല്ലാള്‍ നന്ദകുമാറുമായുള്ള വഴി വിട്ട ബന്ധമാണ് പിണറായിയെ യഥാര്‍ത്ഥത്തില്‍ പ്രകോപിപ്പിച്ചത്.2005 ല്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ വി.എസ്. ശ്രമിച്ചപ്പോള്‍ ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ രക്ഷാകവചം സൃഷ്ടിച്ചത് കണ്ണൂര്‍ ലോബിയാണ്. പാര്‍ട്ടി സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം എന്നീ സ്ഥാനങ്ങളില്‍ സീനിയറായ തന്നെ തഴഞ്ഞതു മുതലാണ് ഇ.പി ജയരാജന്‍ പിണറായിയുമായി അകന്നത്.
1985-ല്‍ എം.വി രാഘവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതു മുതല്‍ കണ്ണൂര്‍ ലോബിയില്‍ പിണറായിയുടെ ഉറ്റവനായിരുന്ന ഇ.പി.ജയരാജനെ നിഷ്‌ക്കരുണം വെട്ടി നിരത്തിയത് ഈ മാസം ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരാതിരിക്കുന്നതിനും , ബി.ജെ.പിയുമായുള്ള രഹസ്യ ബന്ധം മറച്ചുപിടിക്കുന്നതിനുമാണ്.
എം.വി.രാഘവനും കെ.ആര്‍. ഗൗരിയമ്മയും ഇ എം എസിനും വി.എസിനും അനഭിമതനായതുപോലെ ഇ.പി.ജയരാജന്റെ വാക്കും പ്രവൃത്തിയും പിണറായി വിജയന് വലിയ ശല്യമായതു കൊണ്ടാണ് ഇ.പിയെ പിണറായി കൈവിട്ടതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.”