Connect with us

KERALA

ആര്‍എസ്എസുമായി എഡിജിപി മുഖാന്തരം മുഖ്യമന്ത്രി വിജയന്‍ ചര്‍ച്ചനടത്തിയെന്ന് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: ആര്‍എസ്എസുമായി എഡിജിപി എം.ആര്‍. അജിത് കുമാര്‍ മുഖാന്തരം മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശ്ശൂര്‍പൂരം അജിത് കുമാറിനെ വെച്ച് കലക്കിയതിന് പിന്നിലും മുഖ്യമന്ത്രിയാണെന്ന് സതീശന്‍ ആരോപിച്ചു.

‘2023 മെയ് 20 മുതല്‍ 22 വരെ തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍വെച്ച് ആര്‍എസ്എസിന്റെ ക്യാമ്പ് നടന്നിരുന്നു. ആ ക്യാമ്പില്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പങ്കെടുത്തിരുന്നു. അയാളെ കാണാന്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചിരുന്നോയെന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

ഹോട്ടല്‍ ഹയാത്തില്‍ സ്വന്തം കാര്‍ പാര്‍ക്ക് ചെയ്തശേഷം മറ്റൊരു സ്വകാര്യ കാറിലാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് സംവദിച്ചതെന്ന് അറിയണം. ഏത് വിഷയം തീര്‍ക്കാനാണ് ഇവര്‍ ചര്‍ച്ചനടത്തിയത്. തിരുവനന്തപുരത്തുള്ള ഒരു ആര്‍എസ്എസ് നേതാവാണ് ഇതില്‍ ഇടനില നിന്നത്. ആ ബന്ധമാണ് തൃശ്ശൂരില്‍ പിന്നീട് തുടര്‍ന്നത്. തൃശ്ശൂര്‍ പൂരം പോലീസ് കലക്കിയെന്നുള്ള ഗുരുതര ആരോപണം ഇപ്പോള്‍ ഭരണപക്ഷത്തുനിന്നുതന്നെ സമ്മതിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി,

‘തൃശ്ശൂരിലെ പോലീസ് കമ്മിഷണര്‍ അഴിഞ്ഞാടിയത് രാവിലെ 11 മുതല്‍ പിറ്റേദിവസം ഏഴ് വരെയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ എഡിജിപി അജിത്കുമാര്‍ തൃശ്ശൂരിലുണ്ടായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ഇടപെട്ടില്ല. സംസ്ഥാനത്ത് അത്രയും വലിയ ആള്‍ക്കൂട്ടം എത്തുന്ന പരിപാടി സ്വാഭാവികമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി നിരീക്ഷിച്ചുകൊണ്ടിരിക്കണമല്ലോ..എന്നിട്ട് എന്തുകൊണ്ട് ഇടപെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തൃശ്ശൂര്‍ പൂരം കലക്കി ബിജെപിക്ക് വിജയിക്കാന്‍ അവസരമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടുകൂടിയാണ്. അതിന് നേതൃത്വം നല്‍കിയ ആളാണ് എഡിജിപിയെന്നും സതീശന്‍്് പറഞ്ഞു

കൊലപാതകം, സ്വര്‍ണക്കടത്ത്, സ്വര്‍ണംപൊട്ടിക്കല്‍, ലഹരിമരുന്ന്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും എഡിജിപി അജിത് കുമാറിനും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും സംരക്ഷണംനല്‍കുകയാണ് മുഖ്യമന്ത്രി. ആര്‍എസ്എസ് ബന്ധമാണ് ഇതിന് പിന്നില്‍. നേരത്തേമുതലുള്ള മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് ബന്ധം ഇപ്പോള്‍ കുറച്ചുകൂടി മറനീക്കി വ്യക്തമാകുകയാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Continue Reading