KERALA
അൻവർ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എം. അന്വേഷിക്കുംപി. ശശിക്കെതിരായ ആരോപണങ്ങൾ ഗൗരവതരമെന്നും പാർട്ടി
തിരുവനന്തപുരം: പി.വി. അൻവർ
എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങൾ സി.പി.എം. അന്വേഷിക്കും. ആരോപണങ്ങൾ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണങ്ങൾ ഗൗരവതരമെന്നും പാർട്ടി വിലയിരുത്തുമെന്നാണ് സൂചന.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചർച്ചചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുശേഷം, അന്വേഷണ നടപടികളിലേക്ക് പാർട്ടി കടന്നേക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പാർട്ടി അന്വേഷിക്കുന്ന സാഹചര്യം സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയിലേക്ക് പാർട്ടി നീങ്ങുമോ എന്നതും വ്യക്തമാകേണ്ടതുണ്ട്.
പി. ശശിക്ക് എതിരായി ആരോപണം ഉന്നയിച്ചതുകൊണ്ടുമാത്രം കുറ്റവാളിയാകുന്നില്ലെന്ന നിലപാടിലാടാണ് വിഷയത്തിൽ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ സ്വീകരിച്ചത്. ആരോപണം തെറ്റോ ശരിയോ എന്നു കണ്ടെത്തണം. ശരിയാണെങ്കിൽ ഗൗരവമുള്ളതാണ്. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി, കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.നേരത്തെ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് അൻവർ പരാതി സമർപ്പിച്ചിരുന്നു.
വിഷയത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പി.വി. അൻവർ. എഡിജിപിക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചിരുന്നു.
