KERALA
ആർ എസ് എസ് നേതാവുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് എന്താണ് സംസാരിച്ചതെന്ന് അറിയാൻ കേരളീയർക്കും സി പി ഐക്കും ആകാംക്ഷയുണ്ട്

തിരുവനന്തപുരം: ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി എന്തിനാണ് എ ഡി ജി പി അജിത്ത് കുമാർ കൂടിക്കാഴ്ച നടത്തിയതെന്ന് അറിയാൻ ആകാംക്ഷയുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറഞ്ഞു. ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് അജിത്ത് കുമാർ നേരത്തെ സമ്മതിച്ചിരുന്നു.
ആർ എസ് എസ് നേതാവുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് എന്താണ് സംസാരിച്ചതെന്ന് അറിയാൻ കേരളീയർക്കും സി പി ഐക്കും ആകാംക്ഷയുണ്ട്. തൃശൂർ പൂരം കലക്കൽ പോലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ ചോദിക്കുന്നത്.
കൂടിക്കാഴ്ചയെപ്പറ്റി പുറത്തുവന്ന വിവരങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന് ആർ എസ് എസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദത്താത്രേയ ഹൊസബലയുമായുള്ളത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എ ഡി ജി പി മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും അദ്ദേഹം വ്യക്തമാക്കി.2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. പാറമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്‌എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. ആർ എസ് എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്.