Connect with us

KERALA

തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്നം, പൂരം ആര് കലക്കിയെന്നതാണ്’,പ്രശ്നമെന്നു സുനിൽകുമാർ

Published

on

തൃശ്ശൂർ: എഡിജിപി എം.ആര്‍. അജിത്കുമാര്‍-ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാള കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാർ. ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ എ.ഡി.ജി.പി അജിത്കുമാര്‍ അറിയിച്ചുവെന്നത് മാധ്യമവാർത്തയാണെന്നും വസ്തുത തനിക്ക് അറിയില്ലെന്നും സുനിൽകുമാർ  പറഞ്ഞു.

വാർത്തയും വസ്തുതയും തമ്മിൽ വ്യത്യാസമുണ്ട്. ഇക്കാര്യം എ.ഡി.ജി.പി പരസ്യമായി പറഞ്ഞിട്ടില്ല. വാർത്ത മാത്രമേ കേട്ടിട്ടുള്ളു. വാർത്ത അനുസരിച്ചാണെങ്കിൽ വളരെ ​ഗൗരവതരമായ കാര്യമാണിതെന്നും വസ്തുതകൾ പുറത്തുവരുമ്പോൾ മറുപടി പറയുന്നതാണ് ഉചിതമെന്നും സുനിൽകുമാർ വ്യക്തമാക്കി.എ.ഡി.ജി.പി സന്ദർശനം നടത്തിയത് പൂരം അലങ്കോലമാക്കാനാണെങ്കിൽ ഇതിൽ ഒരു കക്ഷി ആർ.എസ്.എസ് ആണെന്ന് ഉറപ്പായിരിക്കുകയാണ്. ഇതുതന്നെയാണ് ഞാനും പറഞ്ഞുകൊണ്ടിരുന്നത്. പൂരം കലക്കിയതിനുപിന്നിൽ ഒരു കക്ഷി ബിജെപിയോ അല്ലെങ്കിൽ ആർ.എസ്.എസോ ആണ്. പൂരം കലക്കുന്നത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ അവര് തടയേണ്ടേ? പൂരം കലക്കിയാൽ വിജയിക്കുമെന്ന താൽപര്യം ആർ.എസ്.എസിന്റേതാണ്. തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്നം, പൂരം ആര് കലക്കിയെന്നതാണ്’,
പ്രശ്നമെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് കൂടിക്കാഴ്ച നടത്തിയെന്ന കാര്യം എം.ആര്‍. അജിത്കുമാര്‍ സമ്മതിച്ചത്. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം. ദത്താത്രേയ ഹൊസബാളയെ തൃശ്ശൂരില്‍വെച്ച് എ.ഡി.ജി.പി കണ്ടെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. 2023 മെയ് 22-നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽവെച്ച് ആര്‍.എസ്.എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ജി.പിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Continue Reading