Crime
എഡിജിപി എം.ആര്‍ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അദ്ദേഹം ശനിയാഴ്ചമുതല്‍ അവധിയില്‍ പ്രവേശിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നാലു ദിവസത്തേക്കാണ് അവധിക്ക് അപേക്ഷ നല്‍കിയിരുന്നതെങ്കിലും സെപ്റ്റംബര്‍ 18 മുതല്‍ വീണ്ടും അവധി നീട്ടിയേക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് അദ്ദേഹം അവധിക്കുള്ള അപേക്ഷ പിന്‍വലിച്ചത്
പോലീസ് തലപ്പത്ത് വലിയ തോതിലുള്ള അഴിച്ചുപണികള്‍ സര്‍ക്കാര്‍ നടത്തിയതിന് പിന്നാലെയാണ് അജിത് കുമാര്‍ അവധി പിന്‍വലിച്ച വിവരം പുറത്തുവരുന്നത്. പി.വി അന്‍വര്‍ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനമുണ്ടായത്. എന്നാല്‍ അജിത്കുമാര്‍ തത്സ്ഥാനത്ത് തന്നെ തുടരുകയാണ്.
ആരോപണങ്ങളുയര്‍ന്നപ്പോള്‍ത്തന്നെ എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തില്‍നിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനായി പോലീസ് മേധാവിയുടെ ഓഫീസില്‍നിന്ന് കുറിപ്പും തയ്യാറാക്കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായി പോലീസ് മേധാവി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയത്. .
അന്‍വറിന്റെ മൊഴി പോലീസ് മേധാവിയുടെ കൈവശമെത്തിയാലുടന്‍ അത് പരിശോധിച്ച് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയേക്കുമെന്ന സൂചനയുമുണ്ട്. അജിത്കുമാറിന്റെ മൊഴിയും രേഖപ്പെടുത്തിയേക്കും. ഈ സാഹചര്യത്തിലാണ് അവധിക്കുള്ള അപേക്ഷ അജിത് കുമാര്‍ പിന്‍വലിച്ചിട്ടുള്ളത്.