Connect with us

Crime

മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി

Published

on

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽനിന്നാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളായണിയിൽ എം.സാൻഡ് ഇറക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ഭയം കാരണം വാഹനം നിർത്തിയില്ലെന്നുമാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി.

ഇന്നലെ ഉച്ചതിരിഞ്ഞ് തിരുവനന്തപുരം കാരക്ക മണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതോടെ തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു.

അപകടമുണ്ടായ സ്ഥലത്ത് ട്രാഫിക് പോലീസിന്റെ സി.സി.ടി.വി. ക്യാമറകൾ ഇല്ലായിരുന്നു. പിന്നീട് സമീപത്തെ മറ്റു സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചാണ് ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മകനെ ചതിച്ച് കൊന്നതാണെന്നും അവന്റെ തുറന്നനിലപാടുകൾ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ടെന്നുമായിരുന്നു പ്രദീപിന്റെ അമ്മയുടെ പ്രതികരണം. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി സഹോദരിയും വെളിപ്പെടുത്തിയിരുന്നു. .

Continue Reading