Crime
ഐടി നിയമനത്തില്‍ എം ശിവശങ്കര്‍ ഇടപെട്ടു എന്ന ആരോപണം തള്ളി ഹൈക്കോടതി

കൊച്ചി: ഐടി നിയമനത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടു എന്ന ആരോപണം പൂര്‍ണമായി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിന്റെ അറിവോടെയാണ് നിയമനം നടത്തിയതെന്ന് രജിസ്ട്രാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ അഞ്ചുപേരുടെ കരാര്‍ നിയമനം നടത്തി എന്നതായിരുന്നു ആരോപണം. ഐടി പാര്‍ക്കിലെ സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് പിന്നാലെ ചട്ടങ്ങള്‍ മറികടന്ന് ഹൈക്കോടതിയില്‍ ഉന്നത ഐടി ടീമിനെ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചു എന്ന ആരോപണമാണ് ഹൈക്കോടതി തള്ളിയത്.
ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിനെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
ഐടി നിയമനം പൂര്‍ണമായി ചീഫ് ജസ്റ്റിസിന്റെ അറിവോടെയായിരുന്നുവെന്ന് രജിസ്ട്രാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഐടി സെല്ലില്‍ നിയമനം നടന്നത്. ഒരു തരത്തിലും ഇതില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ല.
എന്‍ഐസിയെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. എന്‍ഐസിക്ക് മികവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടില്ല എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കാലാനുസൃതമായ മാറ്റം അനിവാര്യമാണ് എന്ന് കണ്ടാണ് ഐടി നിയമനം അഞ്ചുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ആക്കിയതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.