Crime
തിരിച്ചടിച്ച് ഇസ്രയേല്‍. ബയ്‌റുത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

ജെറുസലേം: ലബനനില്‍ നടത്തിയ കരയുദ്ധത്തില്‍ തങ്ങളുടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേല്‍. ബയ്‌റുത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മധ്യ ബയ്‌റുത്തിലെ ഹിസ്ബുള്ളയുടെ കെട്ടിടം ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനില്‍ നടത്തുന്ന നീക്കത്തിനിടെ എട്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇസ്രയേല്‍ സേന സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ദുഷ്ടശക്തികളുടെ കേന്ദ്രബിന്ദുവായ ഇറാനെതിരെ ദുഷ്‌കരമായ യുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് സൈനികരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് പുറത്തിറക്കിയ സന്ദേശത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിച്ചതിന് പിന്നാലെയാണ് ബയ്‌റുത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. തെക്കന്‍ ലെബനനില്‍ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലിലാണ് ഇസ്രയേലിന്റെ എട്ടു സൈനികര്‍ക്ക് ജീവൻ നഷ്ടമായത്.
മറൂണ്‍ അല്‍ റാസടക്കമുള്ള തെക്കന്‍ ഗ്രാമങ്ങളില്‍ നുഴഞ്ഞുകയറിയ ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരാളെ വധിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. ക്യാപ്റ്റന്‍ എയ്താന്‍ അത്‌സ്ഹാക് ഒസ്റ്റെര്‍ അടക്കമുള്ളവരാണ് (22) കൊല്ലപ്പെട്ടത്.യുദ്ധം തുടങ്ങിയശേഷം ലെബനനില്‍ ആദ്യമായാണ് ഇസ്രയേല്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നത്. തെക്കന്‍ ലെബനനില്‍ നിയന്ത്രണരേഖയ്ക്കിപ്പുറം 400 മീറ്ററോളം ഇസ്രയേല്‍സേന കടന്നതായി ലെബനീസ് സൈന്യം അറിയിച്ചു. ചൊവ്വാഴ്ചമാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ലെബനനില്‍ 55 പേര്‍ കൊല്ലപ്പെട്ടു. 156 പേര്‍ക്ക് പരിക്കേറ്റു.