KERALA
ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലസിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ.

കൊല്ലം: സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ സിപിഎമ്മിന് പ്രയോജനകരമാണോയെന്നും ജി സുധാകരൻ ചോദിച്ചു.
ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നുവെങ്കിൽ അവർ എന്നേ റിട്ടയർ ചെയ്തുപോകേണ്ടി വരുമായിരുന്നു. രാഷ്ട്രീയപാർട്ടികളിൽ 75 വയസ് വിരമിക്കലായി വച്ചിരിക്കുന്നു. അപ്പോൾ വിരമിച്ച എല്ലാവരും ഇതുപോലുള്ള പാർട്ടി സമ്മേളനം കേൾക്കണോ എന്നാണ് ഞാൻ സംശയിക്കുന്നത്. ഇത് സിപിഐയിലും കോൺഗ്രസിലും വരാൻ പോകുകയാണ്. സർക്കാർ സർവീസിൽ അതാവശ്യമാണ്. അതിന് കാരണങ്ങളുണ്ട്. പക്ഷേ, രാഷ്ട്രീയത്തിലങ്ങനെ റിട്ടയർമെന്റ് ഉണ്ടെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പാർട്ടി പരിപാടി, പാർട്ടി,ഭരണഘടന അതിലൊന്നും പറഞ്ഞിട്ടില്ല.പ്രത്യേക സാഹചര്യത്തിൽ ഇത് കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. പക്ഷേ, ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നുവെങ്കിൽ എന്തായിരുന്നു സ്ഥിതി. അവർ എന്നേ റിട്ടയർ ചെയ്തുപോകേണ്ടി വന്നേനെ. പിണറായി സഖാവിന് 75 കഴിഞ്ഞാൽ മുഖ്യമന്ത്രിയാകാൻ വേറെ ആളുവേണ്ടത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാർട്ടി പരിപാടിയിൽ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ.പറ്റിയ നേതാക്കളെ, പൊതുജനങ്ങൾ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കിൽ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താല്പര്യങ്ങളാണ് നോക്കേണ്ടത്. തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാർലമെന്റിലും ആളെ നിർത്തിയിട്ട് കാര്യമുണ്ടോ? ആയാൾ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിർത്തുകയാണ്. പാർലമെന്റിലെല്ലാം തോൽക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നിൽക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണ്’- ജി സുധാകരൻ പറഞ്ഞു.