Connect with us

Crime

മലപ്പുറം പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് തടയുകയായിരുന്നു. ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം.

വിഷയത്തിൽ ഗവർണർ വീണ്ടും സർക്കാരിന് കത്ത് നൽകാനുള്ള നീക്കത്തിലാണ് ‘ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ‍കത്തയച്ച ഗവർണർ, മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്ന് കത്തിൽ പറഞ്ഞിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചുവയ്ക്കാൻ ആകില്ലെന്നും രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവർണർ കത്തിൽ പറഞ്ഞിരുന്നു.

ഗവർണർ നൽകുന്ന കത്തിന് ഇത്തവണ മറുപടി നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശ വിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി ‘ദി ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് വിവാദങ്ങളുണ്ടായത്. പ്രതിപക്ഷ മുൾപ്പെടെ ഈ പരാമർശം ഏറ്റ് പിടിച്ചു മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു,

Continue Reading