KERALA
എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം

തിരുവനന്തപുരം: എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം. എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസിനെതിരെയാണ് ഈ ആരോപണം ഉയർന്നത്.
മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് പാർട്ടി മാറാൻ ഈ തുക വാഗ്ദാനം ചെയ്തത്. ബി.ജെ.പി. സഖ്യകക്ഷിയായ എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തിലേക്ക് ചേരുന്നതിനായി ഇരുവര്‍ക്കും 50 കോടി രൂപ വീതമാണ് ഓഫര്‍ ചെയ്തത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചതാണ് തോമസ്.കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുടങ്ങാനിടയാക്കിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
കോടികള്‍ വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് എം.എല്‍.എമാരേയും വിളിപ്പിച്ച് ഇതേക്കുറിച്ച് ആരാഞ്ഞു. ഈ വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇക്കാര്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ആരോപണം തെറ്റാണെന്നും പൂര്‍ണമായും നിഷേധിക്കുന്നുവെന്നും തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു
എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെ വിളിപ്പിച്ചിരുന്നുവെന്നും ഗുരുതരമായ ചില കാര്യങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു വെളിപ്പെടുത്തി.എന്നാല്‍, ഇതേക്കുറിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് സൂചന. തനിക്ക് ഇക്കാര്യത്തെ കുറിച്ച് ഓർമയില്ലെന്നാണ് കുഞ്ഞുമോൻ്റെ മറുപടി,