Connect with us

Crime

ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും തിരൂർ സതീഷ്തലച്ചുമടായി പണം ഓഫീസിൽ കയറ്റി

Published

on

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. പണം നൽകുന്നതിന് 20 ദിവസം മുമ്പാണ് ധർമ്മരാജൻ ഓഫീസിൽ എത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറും ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്നു. മെറ്റീരിയൽ കൊണ്ടു വരുന്ന വ്യക്തി എന്ന് പറഞ്ഞാണ് ധർമ്മരാജനെ പരിചയപ്പെടുത്തിയത്. കൂടുതൽ കാര്യങ്ങൾ തെളിവുകൾ സഹിതം പോലീസിനെ അറിയിക്കുമെന്നും സതീഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

‘ധർമ്മരാജൻ ഇരുപതു മിനിറ്റോളം ഓഫീസിൽ ഉണ്ടായിരുന്നു. അതിന് ശേഷം പോവുകയാണ് ചെയ്തത്. കോടിക്കണക്കിന് രൂപ അവിടെ വന്നതിന് കാവൽ നിന്നയാളാണ് ഞാൻ. പണം എത്തിക്കുന്ന സമയത്ത് അവിടെ ഞാനും ജില്ലാ ട്രഷററും ഉണ്ടായിരുന്നു. പണം വരുന്നുണ്ടോ എന്നൊന്നും അറിയില്ലായിരുന്നു. ഓഫീസ് അടയ്ക്കാന്‍ വരട്ടെ കുറച്ച് എലക്ഷൻ മെറ്റീരിയൽ വരാനുണ്ട് എന്ന് ജില്ലാ ട്രഷററാണ് എന്നോട് പറഞ്ഞത്. ആറ് ചാക്കുകളിൽ വന്നിട്ടുണ്ട്. പണം എന്നറിഞ്ഞത് പിന്നീടാണ്. ടെംപോ പിക്കപ്പ് പോലെയുള്ള വാഹനത്തിലാണ് കൊണ്ടു വന്നത്’- തിരൂർ സതീഷ് പറഞ്ഞു.

ധർമ്മരാജനെ അറിയില്ല എന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം തെറ്റാണെന്നാണ് ഇപ്പോൾ സതീഷ് ഉറപ്പിച്ചു പറയുന്നത്. ബിജെപിയിൽ നിന്ന് രണ്ട് വർഷം മുമ്പ് സതീഷനെ പുറത്താക്കിയതെന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ ബിജെപിയുടെ ആവശ്യങ്ങൾ വേണ്ടി ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ റസീപ്റ്റ് ഉൾപ്പെടെ വെച്ചു കൊണ്ടാണ് താൻ ഒന്നരവർഷം മുമ്പും ജില്ലാ ഓഫീസിൽ ഉണ്ടായിരുന്നു എന്നകാര്യം തിരൂർ സതീഷ് വ്യക്തമാക്കുന്നത്. സംഭവങ്ങൾ നടക്കുന്ന സമയത്ത് തൃശ്ശൂർ ബിജെപി ജില്ലാ ഓഫീസിന്റെ ചുമതലയിലായിരുന്നു തിരൂർ സതീഷ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുനാൾമുൻപ്, ഏപ്രിൽ നാലിന് പുലർച്ചെ 4.40-നാണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. ബി.ജെ.പി.യുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പിനായി കർണാടകയിൽനിന്ന് കണക്കിൽ കാണിക്കാതെ കടത്തി ആലപ്പുഴ ജില്ലാ ട്രഷറർക്ക് നൽകാനാണ് കൊണ്ടുപോയതെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കാണിച്ചിരുന്നു. 23 പേരെ അറസ്റ്റു ചെയ്തു. ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെ 19 പേർ സാക്ഷികളാണ്. കവർന്നതിൽ 1.4 കോടി എവിടെയെന്ന് കണ്ടെത്താൻ ഇനിയും സാധിച്ചിരുന്നില്ല. പുതിയ വെളിപ്പെടുത്തൽ വന്നതോടെ തുടരന്വേഷണത്തിന് സാധ്യതയുണ്ട്

Continue Reading