Connect with us

Crime

പി.പി.ദിവ്യയുടെ ജാമ്യഹർജിയിൽ വെള്ളിയാഴ്ച വിധിപറയും.കലക്ടറോട് നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റ്

Published

on

കണ്ണൂർ : കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും. ജാമ്യാപേക്ഷയെ എതിർത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹർജിയിൽ കക്ഷിചേർന്നിരുന്നു.

നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുകയാണ് ദിവ്യ. ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ദിവ്യ കീഴടങ്ങിയത്.

അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസിൽ കീഴടങ്ങിയെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പമ്പ് സ്ഥാപിക്കാൻ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോർട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ വാദിച്ചു. പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മിൽ കണ്ടതിന് സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

നവീൻബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം: ‘‘ കലക്ടർ അരുൺ കെ.വിജയൻ നവീൻബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റ്. കലക്ടർ അവധിപോലും നൽകാത്ത ആൾ. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോ കൈക്കൂലി കൊടുത്തെങ്കിൽ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയെടുത്തില്ലെന്നും അഡ്വ ജോൺ റാൽഫ് ചൂണ്ടികാട്ടി.

Continue Reading