Crime
വലിയ രാഷ്ട്രീയ ഗൂഢാലോചനസ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത്.

പാലക്കാട് : കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ, കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പൊലീസ് അർധരാത്രി പരിശോധന നടത്തിയത് രാഷ്ട്രീയ വിവാദമായി. കള്ളപ്പണം ഒളിപ്പിച്ചെന്ന പേരിലായിരുന്നു മഫ്തി പൊലീസ് ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവു പരിശോധനയാണെന്ന് എസിപി മാധ്യമങ്ങളോടു പറഞ്ഞു. മുറിയിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു.
വളരെ മോശമായ കാര്യമാണു പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. ‘‘മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ട്. സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത്. 12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലിൽ മുട്ടിയത്. അതു കഴിഞ്ഞ് വാതിലിൽ തള്ളി. മുറിയുടെ ബെല്ലടിച്ചശേഷം മുറി തുറക്കണം എന്നാവശ്യപ്പെട്ടു. 4 പുരുഷ പൊലീസുകാർ യൂണിഫോമിൽ ഉണ്ടായിരുന്നു.
ADVERTISEMENT
വസ്ത്രം മാറിയശേഷം ഞാൻ പുറത്തുവന്നു. യൂണിഫോം ഇല്ലാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നതിനാൽ തിരിച്ചറിയൽ കാർഡ് ചോദിച്ചു. അവർ കാർഡ് കാണിച്ചില്ല. വനിതാ പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങൾ അടക്കം മുഴുവൻ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു. ശുചിമുറിയിലും കിടക്കയ്ക്കുള്ളിലും പരിശോധിച്ചു. 15 ദിവസമായി താമസിക്കുന്ന മുറിയാണ്. പരിശോധിച്ചതിന്റെ വിവരങ്ങൾ എഴുതി തരണമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല’’– ഷാനിമോൾ പറഞ്ഞു.
സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ പറഞ്ഞു. ‘‘ ഉറങ്ങി കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പൊലീസ് മുറിയിലേക്ക് ഇരച്ചു കയറി. നാല് പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത് ’’–ബിന്ദു കൃഷ്ണ പ്രതികരിച്ചു.”