Connect with us

KERALA

പെട്ടിവിഷയം ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് എം.വി ഗോവിന്ദൻ

Published

on

പാലക്കാട്: കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ അഭിപ്രായ ഭിന്നതയെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പെട്ടിവിഷയം ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് അദ്ദേഹം  പറഞ്ഞു. താന്‍ പറഞ്ഞതാണ് പാര്‍ട്ടി അഭിപ്രായം. അതല്ലാത്തത് സി.പി.എമ്മിന്റെ അഭിപ്രായമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി

‘ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സി.പിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്‌നമായി വന്നതല്ല. യാദൃച്ഛികമായി വന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ല. ശരിയായി അന്വേഷണം നടത്തണം. വസ്ത്രം കൊണ്ടുപോവുകയാണെന്ന് പറഞ്ഞത് തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. നീലയും കറുത്തതുമുള്‍പ്പടെ ബാഗുകള്‍ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്‌നമാണ്. ഇതുള്‍പ്പെടെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

‘ബാഗ് മാത്രം ഫോക്കസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ബാഗ് യാദൃച്ഛികമായി വീണുകിട്ടിയ സംഭവമാണ്. എല്‍ഡിഎഫിന് തെറ്റ് പറ്റിയിട്ടില്ല. തെളിവ് ഇല്ലാതെ തന്നെ ആളുകള്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. നിയോജകമണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. എന്നാല്‍ അതാണ് എല്ലാം എന്ന് കാണേണ്ടതില്ല. അതിശക്തമായ തിരിച്ചടി രാഹുല്‍ ഇവിടെ ഏറ്റുവാങ്ങുമെന്നും ഗോവിന്ദൻ പറഞ്ഞു.

പാലക്കാടാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. പാലക്കാട് ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നു എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് ആവേശകരമായ കാര്യമാണ്. ഇ ശ്രീധരന് കിട്ടിയ വോട്ട് എന്തായാലും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടില്ല. എല്‍ഡിഎഫ് നല്ല രീതിയില്‍ മുന്നേറുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വളരെ ശക്തമായ അവമതിപ്പ് മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തിലുടനീളമുണ്ടെന്നും  ഗോവിന്ദന്‍ പറഞ്ഞു.


Continue Reading