Connect with us

KERALA

മുഖ്യമന്ത്രി പിണറായി വിജയനെതിരേ സമസ്ത മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി വർഗീയതയ്ക്ക് തിരി കൊളുത്തുന്നുവെന്നാണ് വിമർശനം

Published

on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സമസ്ത മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി വർഗീയതയ്ക്ക് തിരി കൊളുത്തുന്നുവെന്നാണ്  മുഖപ്രസംഗത്തിൽ വിമർശനം. ലീഗ് യു.ഡി.എഫിന്റെ തലപ്പത്ത് വന്നാൽ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രിയും സിപിഎമ്മും മുസ്ലീം ലീഗിനെ മുന്നിൽനിർത്തി സമുദായത്തെ മൊത്തത്തിൽ വിമർശിക്കുകയാണെന്നും സുപ്രഭാതം  കുറ്റപ്പെടുത്തുന്നു.

മുഖ്യമന്ത്രി വർഗീയാഗ്നിക്ക് തിരികൊളുത്തരുത് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. കേരളത്തിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സംഘപരിവാറിന് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ആ ചുമതലയാണോ ഇപ്പോൾ സിപിഎം ഏറ്റെടുത്തിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയത് മുസ്ലീം സമുദായത്തിന്റെ നെഞ്ചിലേക്ക് വർഗീയവിഷം പുരട്ടിയ അസ്ത്രം തൊടുത്തുകൊണ്ടായിരുന്നു. അതിന്റെ ഫലമായാണ് ഇടതുമുന്നണി അഭൂതപൂർവമായ വിജയം നേടിയതെന്ന ധാരണയിലാണോ മുഖ്യമന്ത്രിയും ഇതേ വിഷബാണം വീണ്ടും തൊടുത്തുവിടാൻ തയ്യാറായതെന്നും ലേഖനത്തിൽ ചോദിക്കുന്നു.

ഇടയ്ക്കിടെ വർഗീയ പരാമർശങ്ങൾ നടത്തുന്ന കോടിയേരി, കടകംപള്ളി, വിജയരാഘവൻ എന്നിവരുടെ നിലവാരമല്ല സംസ്ഥാന ഭരണത്തലവനിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വർഗീയ ധ്രുവീകരണം ഇന്ത്യയിലൊട്ടാകെ പടർത്താൻ സംഘപരിവാർ ആസൂത്രണം ചെയ്ത സിഎഎ നിയമത്തിനെതിരേ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരള ജനതയ്ക്ക് വേണ്ടതെന്നും ഇതിൽ എടുത്ത് പറയുന്നു.

സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലീം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കാൻ പോകുകയാണെന്നും കോൺഗ്രസിൽ ആരാണ് നേതൃസ്ഥാനത്ത് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം തിരഞ്ഞെടുപ്പിൽ താങ്ങായിനിന്ന ചിലരെ ആഹ്ലാദിപ്പിച്ചിരിക്കാം. കേരളത്തിലെ മുസ്ലീംങ്ങൾ മുഴുവൻ ലീഗുകാരല്ല. ലീഗിനെ മുന്നിൽനിർത്തി സമുദായത്തെ മൊത്തത്തിൽ വിമർശിക്കുമ്പോൾ ലീഗുകാരല്ലാത്ത മുസ്ലീങ്ങളുടെകൂടി നെഞ്ചിലാണ് അത് പതിക്കുന്നതെന്ന് സിപിഎം ഓർക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മുസ്ലീം ലീഗ് യുഡിഎഫിന്റെ തലപ്പത്ത് വന്നാൽ എന്താണ് കുഴപ്പമെന്നും അതെങ്ങനെയാണ് മഹാ അപരാധമായി തീരുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു. അടുത്തിടെയായി തെക്കൻ ജില്ലകളിൽ മുസ്ലീംങ്ങൾക്കെതിരേ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളിൽ നിന്ന് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രസ്താവനയെന്നും സമസ്ത കുറ്റപ്പെടുത്തി.

1987ലെ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വർഗീയ കാർഡിളക്കി കളിച്ചവരാണ് സിപിഎമ്മുകാർ. എന്നാൽ അന്നത്തെ ആരോപണങ്ങൾ പ്രബുദ്ധ കേരളം തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയിൽ സി.പി.എം മുഖ്യമന്ത്രിയെ ഓർമിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തിൽ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വെളിച്ചമാകരുതെന്നാണ്.കേരളം വർഗീയാഗ്നിയിൽ കത്തിച്ചാമ്പലാകുന്നതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ തീപ്പന്തം ദൂരെ എറിയണമെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്

Continue Reading