Connect with us

HEALTH

കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ സൗദി ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചു

Published

on

സൗദി: ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ സൗദി ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചു. എല്ലാ വിദേശ വിമാന സർവീസുകളും റദ്ദാക്കി. കടൽമാർഗവും കരമാർഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്.കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ സൗദിയിലുളള വിമാനങ്ങൾക്ക് നിരോധനം ബാധകമാവില്ല. ഈ വിമാനങ്ങൾക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുളള സഹായ വിതരണത്തെയും ചരക്കുനീക്കത്തേയും നിരോധനം ബാധിക്കില്ല.

നിരവധി രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിനെ കുറിച്ചുളള വിവരങ്ങളിൽ വ്യക്തത വരുന്നത് വരെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നാണ് സൗദി അറേബ്യ പ്രസ്താവനയിൽ അറിയിച്ചത്.

കോവിഡ് വ്യാപനം നടന്നിട്ടുളള വിദേശരാജ്യങ്ങളിൽ നിന്ന് സൗദിയിൽ മടങ്ങിയെത്തുന്നവർ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനിൽ പോകണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതിനിടയിൽ അഞ്ചുദിവസങ്ങളുടെ ഇടവേളയിൽ കോവിഡ് 19 പരിശോധന തുടർച്ചയായി നടത്തുകയും വേണം.

സൗദിക്ക് പുറമേ വൈറസിന്റെ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽ നിന്നുളള വിമാന സർവീസുകൾക്ക് കുവൈത്തും വിലക്ക് ഏർപ്പെടുത്തി.

ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാൾ 70 ശതമാനമധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി.

Continue Reading