Crime
കണ്ടല സർവീസ് സഹകരണ ബാങ്കിൽ വീണ്ടും ഇ ഡി യുടെ പരിശോധന.നിക്ഷേപക്കണക്കുൾപ്പെടെ ഇ.ഡി. പരിശോധിക്കുന്നു

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ വീണ്ടും ഇ ഡി യുടെ പരിശോധന. ബുധനാഴ്ചയാണ് ഇ.ഡി. അധികൃതർ കണ്ടല ബാങ്കിലെത്തി വീണ്ടും പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഇ.ഡി. അധികൃതർ കണ്ടല ബാങ്കിലും മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ വീട്ടിലും പരിശോധന നടത്തിയത്. തുടർന്ന് ഇ.ഡി. അറസ്റ്റുചെയ്ത ഭാസുരാംഗനും മകനും ഇപ്പോഴും ജയിലിലാണ്.
ബുധനാഴ്ച രാവിലെ കൊച്ചിയിൽനിന്നെത്തിയ ഇ.ഡി. അധികൃതർ ബാങ്കിന്റെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടു. നിക്ഷേപകരുമായി ബന്ധപ്പെട്ട രേഖകളെല്ലാം അടുത്ത ദിവസം പരിശോധനയ്ക്കു ലഭ്യമാക്കണമെന്നും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്കിൽനിന്നു നിക്ഷേപം തിരികെ ലഭിക്കാത്തവരോട് ഇ.ഡി.ക്കു മുന്നിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. മാറനല്ലൂർ പോലീസിൽ പരാതി നൽകിയ 64 നിക്ഷേപകരെയാണ് ആദ്യഘട്ടത്തിൽ ഇ.ഡി. പരിശോധനയ്ക്കായി വിളിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും ഇവരുടെ നിക്ഷേപക്കണക്കുൾപ്പെടെ ഇ.ഡി. പരിശോധിക്കും. നിക്ഷേപവുമായി ബന്ധമുള്ള മുഴുവൻ രേഖകളും ഹാജരാക്കാനാണ് ഇ.ഡി. നിർദേശം നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ പരിശോധന നടന്ന് ഒരു വർഷത്തിനു ശേഷമാണ് കണ്ടലയിലേക്ക് വീണ്ടും ഇ.ഡി. എത്തുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ബാങ്കിന്റെ പ്രവർത്തനം. ബാങ്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് ഇതുവരെ തുക മടക്കിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
ബാങ്കിന്റെ കണക്കുകൾ ശേഖരിച്ച് അടുത്തഘട്ട പരിശോധനയ്ക്കാണ് ഇ.ഡി. തയ്യാറെടുക്കുന്നത്. ബാങ്ക് പ്രതിസന്ധിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിന്റെ സൂചനയാണ് ഇ.ഡി. നടപടി. കഴിഞ്ഞ വർഷം മാറനല്ലൂർ തൂങ്ങാംപാറയിലെ ബാങ്കിന്റെ പ്രധാന ശാഖയിലും മുൻ പ്രസിഡന്റിന്റെയും സെക്രട്ടറിമാരുടെയും കളക്‌ഷൻ ഏജന്റുമാരുടെയും ജീവനക്കാരന്റെയും വീടുകളിലുമാണ് പരിശോധന നടത്തിയത്. തുടർന്നാണ് ഭാസുരാംഗനെയും മകനെയും അറസ്റ്റുചെയ്തത്. ബാങ്ക് മുൻ പ്രസിഡന്റും ഭാരവാഹികളും ഉദ്യോഗസ്ഥരും സാമ്പത്തിക തിരിമറി നടത്തി അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്ന് ഇ.ഡി.ക്കു ലഭിച്ച പരാതിയെത്തുടർന്നായിരുന്നു അന്നത്തെ പരിശോധനയും നടപടിയുമുണ്ടായത്.