Connect with us

Crime

മലപ്പുറം സ്വര്‍ണ്ണ കവര്‍ച്ച: 4 പേര്‍ പിടിയില്‍, പിടിയിലായത് തൃശൂര്‍ കണ്ണൂര്‍ സ്വദേശികള്‍

Published

on

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 4 പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളും തൃശൂര്‍ സ്വദേശികളുമാണ് പിടിയിലായത്.

കണ്ണൂർ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശൂര്‍ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കിട്ടിയിട്ടില്ല. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും പിന്തുടര്‍ന്നാണ് കാറിലുളള സംഘം സ്വര്‍ണ്ണം കവരുകയായിരുന്നു. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറി മുതല്‍ തന്നെ കാര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ മുമ്പാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണമടങ്ങിയ ബാഗും സ്‌കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു.

Continue Reading