Connect with us

Crime

ചേർത്ത് പിടിക്കൽ വാക്കിൽ മാത്രം വേട്ടക്കാരെ സംരക്ഷിച്ച് സി.പി.എംപൊരുതാനുറച്ച് നവീൻ്റെ കുടുംബം

Published

on

പത്തനംതിട്ട: ഇരക്കൊപ്പവും വേട്ടക്കാർക്കൊപ്പവുമെന്ന ശൈലി സി.പി.എം പിൻതുടർന്നതേടെയാണ് നവീൻ ബാബുവിൻ്റെ ഭാര്യ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിലേക്ക് എത്തിയത്.  പോലീസിലും സംസ്ഥാന സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ്,. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലൂടെ വ്യക്തമാകുന്നത്. കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുമെന്ന് സര്‍ക്കാരും സി.പി.എമ്മും പറഞ്ഞുകൊണ്ടിരുന്നത് വെറുംവാക്കായിരുന്നെന്ന വ്യാഖ്യാനം നേരത്തേതന്നെ ഉയർന്നിരുന്നു

കേസിലെ പ്രതിയായ പി.പി. ദിവ്യയുടെ അറസ്റ്റിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞിരുന്ന കുടുംബം നിലപാട് മാറ്റിയതിനു പിന്നില്‍ കാരണങ്ങള്‍ ഒട്ടേറെ. അതൃപ്തിയുടെ ആദ്യസൂചന പുറത്തുവന്നത് നവീന്‍ബാബുവിന്റെ ഫോണിലെ കോള്‍ വിവരങ്ങള്‍, സി.ടി.ടി.വി. ദൃശ്യങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കണമെന്ന ആവശ്യവുമായി മഞ്ജുഷ കണ്ണൂര്‍ കോടതിയിലെത്തിയതോടെയാണ്.

രാഷ്ട്രീയത്തെ ഭയമില്ലെന്ന് ഒരുമാസം മുമ്പ് നവീനിന്റെ സഹോദരന്‍ പറഞ്ഞപ്പോള്‍ത്തന്നെ നീതിക്കുവേണ്ടിയുള്ള കുടുംബത്തിന്റെ നിശ്ചയം വ്യക്തമായിരുന്നു. കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുമെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാനേതൃത്വവും സംസ്ഥാനസെക്രട്ടറി അടക്കമുള്ളവരും പറയുകയും കണ്ണൂര്‍ ജില്ലാഘടകം മറ്റൊരു നിലപാട് എടുക്കുകയും ചെയ്തപ്പോള്‍ത്തന്നെ ഇരട്ടത്താപ്പ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കുടുംബത്തിന് അത്തരമൊരു അതൃപ്തി ഉണ്ടാവാതിരിക്കാനുള്ള ശ്രമം തടയാന്‍ നിയോഗിക്കപ്പെട്ടത് സി.പി.എം. പത്തനംതിട്ട ജില്ലാ ഘടകമായിരുന്നു. സി.പി.എം. നേതാക്കള്‍ ആഴ്ചയില്‍ പലവട്ടം വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. എന്നാല്‍ പി.പി. ദിവ്യ ജയില്‍ മോചിതയായതോടെ ഇത്തരം സന്ദര്‍ശനങ്ങള്‍ കുറഞ്ഞു. ജില്ലാസെക്രട്ടറി ആഴ്ചയില്‍ ഒരുവട്ടം ഇപ്പോഴും ഇവിടെ  സന്ദര്‍ശിക്കാറുണ്ട്.

കേസന്വേഷണത്തിന് രൂപവത്കരിച്ച പ്രത്യേകസംഘം കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ വൈകി എത്തിയതും വിമര്‍ശനത്തിനിടയാക്കി. പ്രത്യേകസംഘം എന്ന് പേരുണ്ടെങ്കിലും മൊഴിയെടുക്കാന്‍ വന്നത് കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ.യും രണ്ടു പോലീസുകാരുമായിരുന്നു. നവീന്‍ ബാബുവിന്റെ സംസ്‌കാരം നടന്ന ദിവസം മൊഴിയെടുക്കാന്‍ വന്നതും ഇതേ എസ്.എച്ച്.ഒ. തന്നെയായിരുന്നു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി.യുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് പ്രത്യേകമായി നിയമിച്ചത്. ഫലത്തില്‍ പ്രത്യേകസംഘത്തിന്റെ സാന്നിധ്യമൊന്നും കുടുംബത്തിലെത്തിയുള്ള അന്വേഷണത്തില്‍ ഉണ്ടായില്ലെന്നാണ് വിവരം.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് നവീൻ ബാബുവിൻ്റെ ഫോണില്‍വന്ന നമ്പരുകളില്‍ കുടുംബത്തിന് തിരിച്ചറിയാന്‍ പറ്റുന്നവ ഉണ്ടോ എന്ന അന്വേഷണമാണ് രണ്ടാമത്തെ വരവില്‍ ടൗണ്‍ എസ്.എച്ച്.ഒ.യും സംഘവും നടത്തിയത്. പിന്നീട് കണ്ണൂരില്‍നിന്ന് കുടുംബത്തോട് വിവരങ്ങള്‍ തേടുകയോ അന്വേഷണ പുരോഗതി അറിയിക്കുകയോ ഉണ്ടായിട്ടില്ല.

നവീന്‍ ബാബു മരിച്ചദിവസം സഹോദരന്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിക്കാന്‍ വൈകിയിടത്തു തുടങ്ങിയതാണ് കേസിലെ അനഭിലഷണീയതകള്‍ എന്ന ബോധ്യം കുടുംബത്തിനുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് നടപടികള്‍ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പുതന്നെ പൂര്‍ത്തിയാക്കിയതില്‍ കുടുംബത്തിന് തുടക്കത്തിൽ തന്നെ നീരസമുണ്ടാകാനും കാരണമായിരുന്നു, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Continue Reading