Crime
തെളിവുകള്‍ കെട്ടിച്ചമയ്ക്കുമെന്ന് മഞ്ജുഷ ‘കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഡിസംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും. എ.ഡി.എം നവീന്‍ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഇപ്പോള്‍ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയാതാകാമെന്ന സംശയവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
ഒക്ടോബര്‍ 15- ന് രാവിലെ എട്ടിന് കളക്ട്രേറ്റ് ഉദ്യോഗസ്ഥനാണ് നവീന്‍ബാബു മരിച്ചതായി അറിയിച്ചത്. എന്നാല്‍, വീട്ടുകാര്‍ എത്തും മുന്‍പേ പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെടുകയാണ് ചെയ്തത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍.
കൂടാതെ, യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ബാബുവിനെ ആരെല്ലാം സന്ദര്‍ശിച്ചു എന്നത് കണ്ടെത്തേണ്ടത് അനിവാര്യമാണ്. നവീന്‍ബാബു ഉണ്ടായിരുന്ന കളക്ടേറ്റ് പരിസരത്തേയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേയും റെയില്‍വേ സ്റ്റേഷനിലേയും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാകും. എന്നാല്‍, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഈ സി സി ടി വി ദൃശ്യങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് അപേക്ഷകന്‍ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
