Connect with us

KERALA

സത്രം-പുല്ലുമേട് പാതയിലൂടെ ഇന്ന് ശബരിമല തീർത്ഥാടനം ഉണ്ടാകില്ല.

Published

on

ശബരിമല: കനത്ത മഴയും മൂടൽമഞ്ഞും കാരണം പാത അടച്ചതോടെ സത്രം-പുല്ലുമേട് പാതയിലൂടെ ഇന്ന് ശബരിമല തീർത്ഥാടനം ഉണ്ടാകില്ല. ഇതുവഴി ഇന്ന് ഭക്തരെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ദിവസം വൈകി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മുൻപ് നാല് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായി റെഡ് അലർട്ട് നൽകിയിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.

ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഞായറാഴ്‌ച വൈകിട്ട്‌ വരെ തുടർന്ന സാഹചര്യം ശബരിമലയിൽ ഉണ്ടായി. സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരുന്നു. 2011 ൽ മലവെള്ളപ്പാച്ചിൽ ഉണ്ടായ ചരൽമേട്ടിൽ സംയുക്തസേന പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.നിലയ്ക്കൽ,പത്തനംതിട്ട,കോട്ടയം,എരുമേലി തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിൽ വാഹനങ്ങൾ തടഞ്ഞിടുന്നുണ്ട്. മുൻവർഷങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടായ പമ്പയിലെ ചില ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി. പമ്പാ നദിയിൽ ജല നിരപ്പ് ഉയർന്നാൽ ഈ ഭാഗത്തെ വാഹനങ്ങൾ നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് മാറ്റും. ഡ്രൈവർമാർ വാഹനത്തിൽത്തന്നെ കാണണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പമ്പാസ്നാനത്തിനും നിയന്ത്രണമുണ്ട്.പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുള്ളതിനാൽ മലകയറുന്നതിനും ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകളും സജ്ജമാണ്. ഇന്നലെ മഴയും മൂടൽമഞ്ഞും മൂലം തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി.

Continue Reading