Crime
മോഷ്ടിച്ച ഒരുകോടി രൂപയും 300 പവനും പ്രതി ഒളിപ്പിച്ചത് കട്ടിലിനുള്ളിലുണ്ടാക്കിയ പ്രത്യേക അറയില്‍.

കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരി അഷറഫിൻ്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച ഒരുകോടി രൂപയും 300 പവനും പ്രതി ലിജീഷ് ഒളിപ്പിച്ചത് കട്ടിലിനുള്ളിലുണ്ടാക്കിയ പ്രത്യേക അറയില്‍. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി.പിടിയിലായ ലിജീഷ് മുമ്പ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മോഷണം നടന്ന അഷ്‌റഫിന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് ലിജീഷ് താമസിക്കുന്നത്. ഒരുമതിലിന് ഇരുപുറവുമാണ് രണ്ടുവീടുകളും. അഷ്‌റഫിന്റെ വീട് ലിജീഷ് നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. നവംബര്‍ 19-ന് അഷ്‌റഫും കുടുംബവും വീട് പൂട്ടി മധുരയിലേക്ക് പോയെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു. ഒരുകോടി രൂപയും 300 പവനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിന്റെ പകുതി ആദ്യത്തെ ദിവസം മോഷ്ടിച്ചു. പിന്നീട് 21-ാം തീയതി വീണ്ടും വീട്ടില്‍ കയറി ബാക്കി വന്ന സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. ആദ്യം വീട്ടിൻ്റെ തട്ടും പുറത്ത് സൂക്ഷിച്ച മോഷണ വസ്തുക്കൾ പിന്നീട് കട്ടിലിനടിയിൽ നിർമ്മിച്ച പ്രത്യേക അറയിലേക്ക് മാറ്റുകയായിരുന്നു
സി.സി.ടി.വി. ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പോലീസിന്‍റെ അന്വേഷണം. ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. ധരിച്ച ഷര്‍ട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്.മോഷണം നടന്ന ദിവസം പോലീസ് അയല്‍വാസിയായ ലിജീഷിന്റെ വീട്ടില്‍ പോയിരുന്നു. സംശയാസ്പദമായി എന്തെങ്കിലും കണ്ടിരുന്നോയെന്ന് പോലീസ് ലിജീഷിനോട് അന്വേഷിച്ചിരുന്നു. ഇല്ലെന്നായിരുന്നു ഇയാളുടെ മറുപടി. അതേസമയം, ലിജീഷിന്റെ തലയിലും ശരീരത്തിലും ചിലന്തിവലകളുണ്ടായിരുന്നു. മോഷണം നടന്ന സ്ഥലത്തും ഈ ചിലന്തിവലകളുണ്ടായിരുന്നു. ശരീരത്തിലെ ചിലന്തിവലകള്‍ ശ്രദ്ധിച്ച പോലീസ് എന്തുപറ്റിയതാണെന്ന് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ലിജീഷിന് അന്ന് കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആറുമണിക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈകിട്ട് ആറുവരെ ചോദ്യംചെയ്തു. ഈ സമയത്തൊന്നും കുറ്റംസമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് മോഷണം നടത്തിയത് താനാണെന്ന് സമ്മതിക്കുന്നത്.