KERALA
മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയത് അമിതവേഗതയെന്ന് കെഎസ്‌ആർടിസി.ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്

ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയത് അമിതവേഗതയെന്ന് കെഎസ്‌ആർടിസി. മെഡിക്കൽ വിദ്യാർത്ഥികളുമായി എതിർദിശയിൽ നിന്നെത്തിയ കാർ അമിതവേഗത്തിലെത്തി ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് കെഎസ്‌ആർടിസി അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.അമിതവേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറി ബസിനുനേരെ വന്നു. ഇതുകണ്ട് ഡ്രൈവർ ഇടതുവശം ചേർത്തു നിർത്തിയെങ്കിലും ബസിന്റെ മുൻവശത്ത് കാർ ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചയാളുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. കാർ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ കാർ ഓടിച്ചിരുന്നയാളുടെ കാഴ്‌ച മങ്ങിയതാണ് അപകടകാരണമെന്ന് എംവിഡിയും പൊലീസും പറയുന്നു.
ഇന്നലെ രാത്രി 9.30 ഓടെ കളർകോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.മെഡിക്കൽ കോളേജിൽ നിന്ന് ആലപ്പുഴയിൽ സിനിമയ്ക്കായി കാറിൽ വരികയായിരുന്നു പതിനൊന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ആറുപേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.