Crime
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തു.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തു. അനധികൃത സ്വത്തില്ലെന്ന് അജിത് കുമാര്‍ മൊഴിനല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മതമൗലികവാദികളാണെന്നും എ.ഡി.ജി.പിയുടെ മൊഴിയില്‍ എടുത്ത് പറയുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് എ.ഡി.ജി.പിയുടെ മൊഴിയെടുത്തത്. അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ആരോപണങ്ങള്‍ വ്യാജമാണ്. വസ്തുതകള്‍ ഇല്ലാത്തതാണ്. പ്രത്യേക ലക്ഷ്യത്തോടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നും അജിത് കുമാര്‍ വിജിലന്‍സിന് മൊഴിനല്‍കി.
കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറി. ആറുമാസമാണ് വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കും. പി.വി. അന്‍വര്‍ എം.എല്‍.എയാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചിരുന്നത്.