HEALTH
കൊവിഡ് വാക്സിനുകളിൽ പന്നി മാംസ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ട് എന്ന അഭ്യൂഹം: മത നേതാക്കൾ ആശങ്കയുമായി രംഗത്ത്

ന്യൂ ഡൽഹി :ലോകത്തെ ഒന്നടങ്കം ഭീഷണിയിലാഴ്ത്തികൊണ്ടിരിക്കുന്ന മാരകമായ പകർച്ചവ്യാധിക്കെതിരെ വിവിധ രാജ്യങ്ങൾ കൊവിഡ് വാക്സിൻ പുറത്തിറക്കി.മറ്റു ചില രാജ്യങ്ങളിൽ വാക്സിൻ വികസനം അവസാന ഘട്ടത്തിലുമാണ്. എന്നാൽ, ഇപ്പോഴിതാ കൊവിഡ് വാക്സിനുകൾക്കെതിരെ ചില മത നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.
നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനുകളിൽ പന്നി മാംസ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ ഇത് തങ്ങളുടെ മത വിശ്വാസ പ്രകാരം ഹറാം ആകുമെന്നുമാണ് ഇവരുടെ വാദം. ഇതേ വാദവുമായി ജൂത മത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് വാക്സിനുകളിൽ പന്നി മാംസ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ട് എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ വ്യാപകമായതോടെയാണ് മത നേതാക്കൾ ആശങ്കയുമായി രംഗത്തെത്തിയത്.
എന്നാൽ, ചില മുസ്ലിം പണ്ഡിതന്മാർ ഹറാം ആയ വസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കാമെന്ന് വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലെ മുസ്ലിം നേതാവ് മൗലാനാ റാഷിദ് ഫിറംഗി മഹാലി ഇത്തരത്തിലുള്ള അഭ്യൂഹങ്ങളിൽ പെടാതെ വാക്സിൻ സ്വീകരിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.
അതെ സമയം, വാക്സിനുകൾ പെട്ടെന്ന് നശിച്ചു പോകാതിരിക്കുന്നതിന് പന്നിയിറച്ചിയിൽ നിന്നുള്ള കൊഴുപ്പ് ഒരു സ്റ്റബിലൈസർ ആയി ഉപയോഗിക്കാറുണ്ടെന്ന് ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.സൽമാൻ വഖാർ പറഞ്ഞു.
പന്നിയിറച്ചി ഉത്പന്നങ്ങൾ തങ്ങളുടെ കൊവിഡ് വാക്സിനുകളുടെ ഭാഗമല്ലെന്ന് പ്രമുഖ വാക്സിൻ നിർമാതാക്കളായ ഫൈസർ, മോഡേണ, ആസ്ട്രസെനെക എന്നിവയുടെ വക്താക്കളും പറഞ്ഞു.