Connect with us

Crime

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവത്തില്‍ 21 സിപിഎം നേതാക്കളെ പ്രതി ചേര്‍ത്തു ,മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കും.

Published

on

തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവത്തില്‍ സിപിഎം നേതാക്കളെ പ്രതി ചേര്‍ത്ത് പൊലീസ്. പാളയത്തെ 21 ഏരിയ കമ്മിറ്റി അംഗങ്ങളും പ്രതികളാകും. മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കും. വിഷയത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. പ്രതികള്‍ക്ക് വഞ്ചിയൂര്‍ പൊലീസ് നോട്ടിസ് അയച്ചു. .

പാര്‍ട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനു വഞ്ചിയൂരില്‍ റോഡിന്റെ ഒരുവശം പൂര്‍ണമായി അടച്ച് സ്‌റ്റേജ് കെട്ടിയതാണ് വിവാദമായത്. സംഭവത്തെ രൂക്ഷഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചു.

കോടതിയലക്ഷ്യക്കേസാണെന്നും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നോ എന്നും കോടതി ചോദിച്ചു.എങ്ങനെയാണ് വൈദ്യുതി ലഭിച്ചത്? വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നേരിട്ടു ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്തതാര്, എന്തെല്ലാം പരിപാടികള്‍ നടത്തി, എത്ര വാഹനങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എറണാകുളം മരട് സ്വദേശി എന്‍.പ്രകാശ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്.റോഡ് അടച്ച് സ്‌റ്റേജ് കെട്ടേണ്ടതില്ലായിരുന്നെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞിരുന്നു.

Continue Reading