Connect with us

Crime

റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മരണത്തിനിടയാക്കിയ കാർ തിരിച്ചറിഞ്ഞു.

Published

on

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മരണത്തിനിടയാക്കിയ കാർ തിരിച്ചറിഞ്ഞു. തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബെൻസ് ഇടിച്ചാണ് യുവാവ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കാർ ഏതാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെൻസ് കാർ ഓടിച്ചിരുന്നത് മുഹമ്മദ് റബീസാണ്. ഇതിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നാണ് വിവരം

.ഇന്ന് ഫോറൻസിക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. ബെൻസ് കാറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയും പരിശോധിക്കും. ആൽവിൻ റീൽസ് ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് തെരഞ്ഞെങ്കിലും ഫോൺ കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. മൊബൈൽ ഫോൺ ഒളിപ്പിച്ചതാണോ എന്ന കാര്യത്തിലും സംശയമുണ്ട്.രണ്ട് കാറുകളാണ് റീൽസ് ചിത്രീകരണത്തിനായി എത്തിച്ചിരുന്നത്. ഇതിൽ ഏത് കാറാണ് ഇടിച്ചതെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത് ഡിഫൻഡർ കാറിടിച്ച് യുവാവ് മരിച്ചുവെന്നാണ്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ ബെൻസാണ് ഇടിച്ചതെന്ന് വ്യക്തമായി. അതിനിടെ ഇപകടം വരുത്തിയ കാർ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.ആദ്യം പൊലീസ് പറഞ്ഞ പ്രാഥമിക റിപ്പോർട്ടിലെ കാർ നമ്പർ അപകടസ്ഥലത്തുണ്ടായിരുന്ന രണ്ട് കാറുകളുടെതും അല്ലായിരുന്നു. പിന്നീട് രണ്ട് കാറുകളും വെള്ളയിൽ ഇൻസ്‌പെക്‌ടർ ബൈജു കെ ജോസ് കസ്റ്റഡിയിലെടുത്തു. രണ്ട് ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തു. രാത്രി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി കാറുകൾ പരിശോധിച്ചിരുന്നു.

Continue Reading