Connect with us

Crime

സിറിയയില്‍ ഇസ്രയേലിൻ്റെ കനത്ത ആക്രമണം ‘ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണെന്ന് നെതന്യാഹു

Published

on

ഡമാസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്രയേല്‍ തകര്‍ത്തു. തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയിട്ടുള്ളത്. അസദ് നാടുവിടുകയും സിറിയ വിമതര്‍ പിടിച്ചടക്കുകയും ചെയ്തതിന് പിന്നാലെ തന്ത്രപ്രധാനമായ ഗോലന്‍ കുന്നുകളും ഇസ്രയേല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടുത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്രയേല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം.

അതിനിടെ, പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ബാഷര്‍ അല്‍ അസദ് ഭരണത്തിന്റെ തകര്‍ച്ചയെ ‘പുതിയതും നാടകീയവുമായ ഒരു അധ്യായം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

‘സിറിയന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും ഞങ്ങള്‍ നല്‍കിയ കനത്ത പ്രഹരത്തിന്റെ നേരിട്ടുള്ള ഫലമാണ്. ഞാന്‍ മുമ്പ് വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങള്‍ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്’ നെതന്യാഹു തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിന് ഭീഷണിയാകുന്ന എല്ലാ സംവിധാനങ്ങളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. സിറിയന്‍ യുദ്ധ കപ്പലുകള്‍ തകര്‍ക്കാനുള്ള ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നുവെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.

Continue Reading