Crime
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽഅന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ
അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത. വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.. അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഏതാണ്ട് ഒരുമാസമാണ് നടപടികൾ നീണ്ടുനിൽക്കുക. അന്തിമവാദം വ്യാഴാഴ്ച തുടരാനിരിക്കെയാണ് പുതിയ നീക്കവുമായി അതിജീവിത രംഗത്തെത്തിയത്. തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു എന്നതാണ് ഇത്തരത്തിലൊരു ഹർജി നൽകാൻ അതിജീവിതയെ പ്രേരിപ്പിച്ച പ്രധാന കാരണമായി പറയുന്നത്.
താൻ അതിജീവിതയാണെന്നും തനിക്കുനേരെയാണ് ആക്രമമമുണ്ടായതെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ കോടതി എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമായിട്ടില്ല. കേസിന്റെ ഇതുവരെയുള്ള വിചാരണ നടപടികൾ അടച്ചിട്ട കോടതിമുറിയിലായിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം മുൻ ഡി.ജി.പി. ആർ. ശ്രീലേഖയ്ക്കെതിരേ അതിജീവിത കോടതിയിൽ പരാതി നൽകി. കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ കോടതിയലക്ഷ്യ പരാമർശം നടത്തിയെന്നാണ് പരാതി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് തുറന്നുപരിശോധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.