Connect with us

KERALA

യൂണിവേഴ്‌സിറ്റി കോളേജിലെഎസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം നിർദേശം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാൻ നിർദേശം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റാണ് നിർദേശം നൽകിയത്. എസ്.എഫ്.ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത് ഉൾപ്പടെ, കോളേജിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നടപടി.

ഭിന്നശേഷിക്കാരനായ ബിരുദവിദ്യാർഥി മുഹമ്മദ് അനസിനെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി ഓഫീസിൽ വെച്ച് ബന്ദിയാക്കി പ്രവർത്തകർ അടുത്തിടെ  മർദിച്ചിരുന്നു. ഈ സംഭവത്തിൽ എസ്.എഫ്.ഐക്കെതിരായ പരാതി സിപിഎം നേതൃത്വത്തിന് മുൻപിലും എത്തി. ഇതോടെയാണ് കർശന നടപടിയിലേക്ക് പാർട്ടി കടന്നത്. എന്നാൽ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് നാല് എസ്.എഫ്.ഐ. നേതാക്കളെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും എം.എസ്‌സി. സുവോളജി രണ്ടാംവർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും മൂന്നാംവർഷ ഫിലോസഫി വിദ്യാർഥിയുമായ അമൽചന്ദ്, മൂന്നാംവർഷ ഹിസ്റ്ററി വിദ്യാർഥി മിഥുൻ, മൂന്നാംവർഷ ബോട്ടണി വിദ്യാർഥി അലൻ ജമാൽ എന്നിവരെയാണ് കോളേജ് അധികൃതർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

എന്നാൽ ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതോടെ, അറസ്റ്റു നടപടികളിൽനിന്നു കോടതി പോലീസിനെ വിലക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് കോളേജിൽ ഭിന്നശേഷിക്കാരനായ ബിരുദവിദ്യാർഥി മുഹമ്മദ് അനസിനെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി ഓഫീസിൽ വെച്ച് ബന്ദിയാക്കി മർദിച്ചത്. ഇയാളുടെ നിലവിളി കേട്ടെത്തിയ സുഹൃത്ത് അഫ്‌സലിനെയും മർദിച്ചതായി പരാതിയുണ്ട്. മുഹമ്മദ് അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ കമ്പുകൊണ്ടു മർദിക്കുകയായിരുന്നു.

കോളേജ് അച്ചടക്കസമിതിക്കു അനസ് കൊടുത്ത പരാതിയിലാണ് എസ്.എഫ്.ഐ. നേതാക്കളെ സസ്പെൻഡ് ചെയ്തത്. അച്ചടക്കസമിതി നേരത്തേ അനസിന്റെ മൊഴി എടുത്തിരുന്നു. പ്രതികളായ എസ്.എഫ്.ഐ. നേതാക്കൾ അച്ചടക്കസമിതിക്കു മുൻപിൽ മൊഴിനൽകാൻ എത്തിയിരുന്നില്ല. എന്നാൽ കോടതി അറസ്റ്റ് തടഞ്ഞതോടെ പ്രതികൾ തിങ്കളാഴ്ച കോളേജ് അച്ചടക്കസമിതിയുടെ മുന്നിൽ തെളിവെടുപ്പിനെത്തി.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽപ്പേരിൽനിന്നു തെളിവെടുപ്പ് നടത്തുമെന്ന് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സന്തോഷ് പറഞ്ഞു.


Continue Reading