Crime
ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.
2014ൽ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് യുവതി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയത്. ഒരു സിനിമാ ചിത്രീകരണത്തിനിടെ സെറ്റിൽ വച്ച് മേക്കപ്പ് ആർട്ടിസ്റ്റായ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. ആദ്യ ഘട്ടത്തിൽ പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് പരാതി നൽകിയത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ നിലവിൽ പുറത്ത് വന്നിട്ടില്ല. ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിൽ 50 കേസുകൾ എടുത്തിരുന്നു. അതിലൊന്നാണിത്.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും. പ്രത്യേക ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഫയൽ ചെയ്‌ത പരാതികളും അപ്പീലുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കും. പുതുതായി വരുന്ന അപ്പീലുകളും പരിഗണിക്കും.