Connect with us

Crime

പ്രശാന്ത് നവീൻ ബാബുവിന് കെെക്കൂലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ്

Published

on

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ടിവി പ്രശാന്ത് നവീൻ ബാബുവിന് കെെക്കൂലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിന് കെെക്കൂലി കൊടുത്തുവെന്ന പ്രശാന്തന്റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കെെക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലിൽ പ്രശാന്തനെതിരെ കേസെടുക്കാനും വകുപ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

തെളിവ് ഹാജരാക്കാൻ പ്രശാന്തന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പിയാണ് അന്വേഷണം നടത്തിയത്. എന്നാൽ പ്രശാന്തന്റെ ചില മൊഴികൾ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്വർണം പണയം വച്ചത് മുതൽ എഡിഎമ്മിന്റെ ക്വാർട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളിൽ തെളിവുകളുണ്ട്. എന്നാൽ ക്വാർട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബർ അഞ്ചിന് സ്വർണം പണയം വച്ചതിന്റെ രസീത് പ്രശാന്ത് കെെമാറിയിരുന്നു. ഒക്ടോബർ ആറിന് പ്രശാന്തും നവീൻ ബാബുവും നാല് തവണ ഫോണിൽ സംസാരിച്ചു. ഈ വിളികൾക്കൊടുവിലാണ് പ്രശാന്ത് -നവീൻ ബാബു കൂടിക്കാഴ്ച നടക്കുന്നത്.ഒക്ടോബർ എട്ടിന് പെട്രോൾ പമ്പിന് എൻഒസി ലഭിച്ചു. കെെക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബർ പത്തിനാണ് വിജിലൻസിനെ അറിയിച്ചത്. ഒക്ടോബർ 14ന് വിജിലൻസ് സിഐ, പ്രശാന്തന്റെ മൊഴിയെടുത്തു. അന്ന് വെെകിട്ടായിരുന്നു വിവാദ യാത്രയയപ്പ് യോഗം നടന്നത്. വിജിലൻസ് ഡിവെെഎസ്‌പിക്ക് അന്ന് തന്നെ റിപ്പോർട്ട് നൽകിയിരുന്നു. പ്രശാന്തന്റെ മൊഴിയുടെ കാര്യം നവീൻ ബാബുവിന് അറിയില്ലായിരുന്നു. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

Continue Reading