Connect with us

KERALA

പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് എംവി ഗോവിന്ദന്‍.

Published

on

തിരുവനന്തപുരം: പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങളും നിയമനിര്‍മാണത്തിന് ആവശ്യമായ സഹായങ്ങളും എല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോവുന്ന ഗവര്‍ണറെയാണ് കേരളം കണ്ടിട്ടുള്ളത് അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു നിലവിലുള്ള ഗവര്‍ണര്‍. അത് മാറി ശരിയായ രീതിയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ച് പോവുന്ന ഒരു സമീപനത്തിലേക്ക് ഗവര്‍ണര്‍ എത്തണമെന്ന് ഗോവിന്ദൻ പറഞ്ഞു

കേട്ടുകേള്‍വിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളതെന്ന പരാതി കേരളത്തിനുണ്ട്. അതിന് വെള്ള പൂശാന്‍ വേണ്ടി മഹത്വ വത്കരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്.

പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നാമനിര്‍ദേശം ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയിട്ടാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. അതുകൊണ്ട് വരുന്ന ഒരു ഗവര്‍ണറെ പറ്റി മുന്‍കൂട്ടി അദ്ദേഹം എങ്ങനെയായിരിക്കും എന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അത്തരം ശ്രമങ്ങള്‍ രാജ്യ വ്യാപകമായി നടക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഗോള്‍വാര്‍ക്കറിന്റെ വിചാരധാര അനുസരിച്ച് സംഘപരിവാറിന് മൂന്ന് ആഭ്യന്തര ശത്രുക്കളാണുള്ളത്. അതില്‍ ഒന്നാമത് മുസ്ലീമും രണ്ടാമത്തേത് ക്രിസ്ത്യാനികളും മൂന്നാമത്തേത് കമ്മ്യൂണിസ്റ്റുകളുമാണ്. അതാണ് അവരുടെ പ്രത്യയശാസ്ത്രം. ഇതുവെച്ച്, താല്‍കാലികമായി ക്രിസ്ത്യാനികളേയും അവര്‍ ആശ്രയിക്കുന്നുണ്ട്.

ജമ്മു കശ്മീരില്‍ സംയുക്ത ഭരണകൂടം ഉണ്ടാക്കുന്നതിനായി മുസ്ലീം വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ ഉള്‍പ്പടെ ജയിക്കുന്നതിന് വേണ്ടി ക്രിസ്ത്യന്‍ വോട്ട് നേടുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂര്‍ ഉള്‍പ്പടെയുള്ള മേഖലയില്‍ ക്രിസ്ത്യാനികള്‍ക്ക് മേലും ഇന്ത്യയിലെ വിവിധ പള്ളികള്‍ക്ക് മേലുമുള്ള കടന്നാക്രമണം ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം വരെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം പൊതുവായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു

Continue Reading