KERALA
നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. നെയ്യാറ്റിൻകര പോങ്ങയിൽ സ്വദേശി രാജനാണ് ഇന്ന് പുലർച്ചെ മരിച്ചത്.
താത്കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്ന രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രാജൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് . രാജന്റെ ഭാര്യ അമ്പിളിക്കും ഗുരുതരമായി പൊള്ളലേറ്റു.
താന്‍ തീ കൊളുത്തിയതല്ലെന്നും ദേഹത്ത് പെട്രോൾ ഒഴിച്ചപ്പോൾ പൊലീസുകാരൻ ലൈറ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ചതാണ് തീപിടിക്കാന്‍ കാരണമെന്നും രാജന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം.
നെയ്യാറ്റിൻകര കോടതിയിൽ രാജനും അയൽവാസിയായ വസന്തയും തമ്മില്‍ ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഈ ഭൂമിയിൽ അടുത്തിടെ രാജൻ വെച്ചുകെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ എത്തിയപ്പോഴാണ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവ സമയത്ത് ഗ്രേഡ് എസ്ഐ അനിൽ കുമാറിനും നേരിയ തോതിൽ പൊള്ളലേറ്റിരുന്നു.