Connect with us

Crime

അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ  റിപ്പോർട്ട് ഡ്രൈവർക്കെതിരെ നരഹതൃക്ക് കേസ്

Published

on

കണ്ണൂർ: കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. അപകടകാരണം ഡ്രെെവറുടെ അശ്രദ്ധയാണെന്നാണ് നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാദ്ധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥൻ റിയാസ് പറയുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനമുണ്ട്. സംഭവത്തിൽ എംവിഡി വിശദമായ പരിശോധന നടത്തും. ഡ്രൈവർക്കെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തു

ഇന്നലെയാണ് തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ വളക്കൈ പാലത്തിന് സമീപം അങ്കണവാടി റോഡിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞത്. അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നേദ്യ പഠിച്ചിരുന്ന കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ 18 കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രെെവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. രണ്ടു തവണ ബസ് മലക്കം മറിഞ്ഞു. ബസിന്റെ മുൻസീറ്റിലിരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു. നേദ്യയുടെ ദേഹത്തേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ബസുയർത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്

Continue Reading