Connect with us

Crime

കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി  മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

Published

on

കോഴിക്കോട് : കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിൽ എത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇരുവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്. ‌

മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാന കേസിൽ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് റൂം വെക്കേറ്റ് ചെയ്ത് പുറത്തുപോകുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇതോടെയാണ് വൈകിട്ട് സഹോദരൻ പൊലീസിൽ പരാതി നൽകിയത്. ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ വർഷം ആഗസ്റ്റ് 21നാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫിസിൽനിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.കഴിഞ്ഞ ജൂലൈ പത്തിന് എഡിജിപി എം.ആർ.അജിത്കുമാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടായില്ല. തുടർന്ന് കേസ് ക്രൈംബ്രഞ്ചിന് കൈമാറിയിരുന്നു.

Continue Reading