Connect with us

KERALA

മകരവിളക്കിന് ഒരുങ്ങി : സുരക്ഷാ ക്രമീകരണങ്ങൾക്കായി 5,000 പോലീസുകാർ

Published

on

പത്തനംതിട്ട: ഇന്ന് മകരവിളക്ക്. ശബരിമലയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമേന്തിയ ഘോഷയാത്ര ഇന്നു സന്നിധാനത്തെത്തും. സുരക്ഷാക്രമീകരണങ്ങൾക്കായി സന്നിധാനത്തും വിവിധ കേന്ദ്രങ്ങളിലുമായി 5,000 പോലീസുകാരെ വിന്യസിച്ചു. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പെരുന്നാട് വഴി വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി വനംവകുപ്പിന്റെ ളാഹ സത്രത്തില്‍ വിശ്രമിച്ചു. ഇന്നു രാവിലെ ഇവിടെ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്തെത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. ചെറിയാനവട്ടം നീലിമല അപ്പാച്ചിമേട് വഴി മരക്കൂട്ടത്തെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാ സംഘത്തിന്റെയും നേതൃത്വത്തില്‍ സന്നിധാനത്തേക്കു സ്വീകരിക്കും. സന്ധ്യയോടെ പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തുന്ന തങ്കഅങ്കി പേടകത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും.

തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ശ്രീകോവിലിലേക്ക് ആനയിക്കും. പൂജകള്‍ക്കു ശേഷം തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകര ജ്യോതിയും ആകാശത്തു മകര നക്ഷത്രവും തെളിയും.

ഘോഷയാത്ര നയിച്ചെത്തുന്ന രാജപ്രതിനിധി പമ്പയില്‍ രാജമണ്ഡപത്തിലെത്തി ഭക്തര്‍ക്കു ഭസ്മം നല്കി അനുഗ്രഹിക്കും. മൂന്നാം ദിവസമാണ് രാജപ്രതിനിധി മല കയറുക. സന്നിധാനത്തു കളഭവും മാളികപ്പുറത്തു ഗുരുതിയും കഴിഞ്ഞു ശബരിമല നടയടച്ച ശേഷം രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങും.

തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാണ്. മതിയായ വെളിച്ചം, മലയിറങ്ങുന്ന വിവിധ പോയിന്റുകളിൽ വൈദ്യസഹായം എന്നിവ ഉൾപ്പടെ മകരവിളക്കിന് ശേഷം ഭക്തർക്ക് തിരിച്ചുപോകുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ്പി വി അജിത്ത് പറഞ്ഞു.

Continue Reading