KERALA
കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ പ്രമേയം നിയമസഭ പാസാക്കി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേർന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്ത് സംസാരിച്ചത്. പക്ഷേ അദ്ദേഹം വോട്ടെടുപ്പിൽ എതിർത്തില്ല. അതിനാൽ ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്.ഡൽഹിയിൽ കർഷക സമരം ശക്തമായ പശ്ചാത്തലത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാനാണ് സമ്മേളനം ചേർന്നത്.
പ്രമേയാവതരണ ചർച്ചയ്ക്ക് മറുപടി പറയവേ ഗവർണറുടെ അധികാരം ഓർമിപ്പിച്ച് മുഖ്യമന്ത്രി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശത്തിനനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ് ഗവർണർ. ഗവർണറെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന് എല്ലാ പിന്തുണയും നൽകാൻ സർക്കാരും ബാധ്യസ്ഥമാണ്. ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ഗവർണർക്ക് വിവേചനാധികാരമുള്ളത്. ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശയിൽ ഗവർണർക്ക് വിവേചനാധികാരമില്ല. സർക്കാരിന്റെ നിലപാട് ഗവർണറെ അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചപ്പോൾ പ്രതിഷേധിച്ചില്ലെന്ന കെ.സി. ജോസഫിന്റെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഗവർണറെ രാജ്ഭവനിൽ പോയി കാണുന്നതിന് ഒരു അസാംഗത്യവുമില്ല. ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നത് ഭരണഘടനാപരമായ കടമയാണ്. അതിനെ കാലുപിടിത്തമായി ചിത്രീകരിക്കേണ്ടതില്ല. പ്രതിപക്ഷം ഉന്നയിച്ച ഒരു ഭേദഗതി മുഖ്യമന്ത്രി അംഗീകരിച്ചു. മറ്റു ഭേദഗതികൾ തള്ളിയാണ് പ്രമേയം പാസ്സാക്കിയത്.
കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണ്.
സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറിയിൽ വിപണിയിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു