NATIONAL
ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർവർധിക്കുന്നു

ന്യൂഡൽഹി: ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രാജ്യത്തു വർധിക്കുന്നു. അഞ്ചു പേർക്കു കൂടി പുതുതായി രോഗം പിടിപെട്ടു. ഇതോടെ രാജ്യത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി.
ജനിതക മാറ്റത്തിനു വിധേയമായ കോവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ലോക്ക്ഡൗണ്‍ പോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നില്ല. കേരളം അടക്കമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ കോവിഡ് വ്യാപനത്തിന്റെ നിരക്ക് നേരത്തെയുള്ളതിനേക്കാൾ താഴ്ന്ന നിലയിലുമാണ്.
അതേസമയം, ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രാജ്യത്തു വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കുറച്ചുകൂടി ശക്തമാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങൾക്കു നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നു സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയ കേന്ദ്രം, ആളുകൾ കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജനുവരി ഏഴു വരെ കേന്ദ്ര വ്യോമയാന മന്ത്രാലയം നീട്ടി. ജനുവരി ഏഴിനു ശേഷം കർശനമായ നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിക്കാമെന്നും ശിപാർശ ചെയ്തിട്ടുണ്ട്.