Life
ഇന്ന് മുതൽ ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം. നിത്യ ജീവിതത്തിലെ പ്രധാന ആവശ്യങ്ങളിൽ വന്ന ചില മാറ്റങ്ങൾ ഇപ്രകാരമാണ്

ഡൽഹി: പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ചില അവശ്യ മാറ്റങ്ങള്‍ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേക്കുള്ള കോളുകള്‍
ജനുവരി ഒന്നു മുതല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേക്കുള്ള എല്ലാ വിളികള്‍ക്കും നമ്പറിന് മുന്‍പായി പൂജ്യം ചേര്‍ത്ത് ഡയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. പുറമേക്കുള്ള കോളുകള്‍ക്ക് മാത്രമായിരുന്നു മുന്‍പ് പൂജ്യം ഡയല്‍ ചെയ്യേണ്ടിയിരുന്നത്. ഇപ്പോള്‍ സമീപത്തെ ഫോണുകളിലേക്കും പൂജ്യം ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ചെക്ക് പേയ്‌മെന്റ് സംവിധാനം
ജനുവരി ഒന്നുമുതല്‍ പോസിറ്റീവ് പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം അന്‍പതിനായിരം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് അവശ്യമായ കൂടുതല്‍ വിശദാംശങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.
കോണ്‍ടാക്ട്‌ലെസ് കാര്‍ഡ് ഇടപാട്
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താന്‍, റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ എം.പി.സി യോഗത്തില്‍ കോണ്‍ടാക്ട്ലെസ് കാര്‍ഡ് ഇടപാടുകളുടെ പരിധി ഓരോ ഇടപാടിനും 5,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് 2,000 രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.
വാഹന വില വര്‍ദ്ധന
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവിനെ തുടര്‍ന്ന് മാരുതി, മഹിന്ദ്ര, ഹീറോ മോട്ടോര്‍കോപ്, ഹോണ്ട, ഹ്യൂണ്ടായ്, കിയ മോട്ടോഴ്സ് എന്നിവരുള്‍പ്പെടെ ഒട്ടുമുക്ക വാഹന നിര്‍മ്മാതാക്കളും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഫാസ്റ്റാഗ് നിര്‍ബന്ധം
പുതുവര്‍ഷാരംഭം മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാണ്. ജനുവരി ഒന്ന്മുതല്‍ നൂറ് ശതമാനം ടോള്‍ ഫാസ്റ്റാഗ് വഴി മാത്രം ശേഖരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 15 വരെ എല്ലാ ടോള്‍ പ്ലാസകളിലും ഒരു ഹൈബ്രിഡ് പാത തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി
പുതുവര്‍ഷാരംഭം മുതല്‍ കുറഞ്ഞ പ്രീമിയം നിരക്കില്‍ സരള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി (സ്റ്റാന്‍ഡേര്‍ഡ് ടേം പോളിസി) വാങ്ങാന്‍ കഴിയും. പുതിയ പ്ലാനില്‍ കുറഞ്ഞ പ്രീമിയം വഴി ടേം പ്ലാന്‍ വാങ്ങാനുള്ള ഓപ്ഷന്‍ ഉണ്ടാകും. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികളിലും കവറേജ് നിബന്ധനകളും തുകയും സമാനമായിരിക്കും.
ചെറുകിട ബിസിനസുകള്‍ക്കുള്ള ജി.എസ്.ടി
അഞ്ച് കോടിവരെ വാര്‍ഷിക വിറ്റ് വരുമാനമുള്ള ചെറുകിട ബിസിനസുകാര്‍ക്ക് നാല് ജി.എസ്.ടി സെയില്‍സ്(ജി.എസ്.ടി.ആര്‍-3 ബി) റിട്ടേണാണ് സമര്‍പ്പിക്കേണ്ടത്. മുന്‍പ് 12 തരം വില്‍പ്പന റിട്ടേണുകളായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്. പുതിയ നിയമം 94 ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്യും.
ജി.എസ്.ടിയുടെ ഒരു ശതമാനം തുകയായി നല്‍കണം
പ്രതിമാസം 50 ലക്ഷത്തിലധികം വിറ്റുവരവുള്ള ബിസിനസ്സുകാര്‍ക്ക് ജി.എസ്.ടി ബാധ്യതയുടെ ഒരു ശതമാനമെങ്കിലും പണമായി നിക്ഷേപിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.